കണ്ണൂര്‍: അധ്യയന വർഷം ആരംഭിച്ചിട്ട് ഒന്നരമാസമാകാനിരിക്കുന്പോഴും ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ 200 അധ്യാപക തസ്തികൾ ഒഴിഞ്ഞു കിടക്കുന്നു. എല്‍പി, യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. എല്‍പി വിഭാഗത്തില്‍ 27ഉം യുപി വിഭാഗത്തില്‍ 35ഉം ഹൈസ്ക്കൂള് വിഭാഗത്തില്‍ 138 അധ്യാപകരുടെയും ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഒഴിവുകള്‍ പിഎസിക്ക് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതർ പറയുന്നത്. ഒഴിവുകൾ നികത്താനുള്ള നടപടികളില്ലാത്തത് അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതേസമയം 2026-27 വര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ മറ്റിടങ്ങളിൽ പുനക്രമീകരിച്ച ശേഷമേ ഒഴിവുകൾ നികത്താനുള്ള നടപടികൾ പിഎസ്സി ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും അധ്യയന ദിവസങ്ങൾ ഏറെ കഴിയുകയും ചെയ്യും.
ഇതിനിടെ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ചത് സ്കൂൾ മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ സ്കൂളുകളിലെ 70 ശതമാനം അധ്യാപകരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 1290 പൊതുവിദ്യാലയങ്ങളില്‍ 17000 അധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സര്‍ക്കാര്‍ വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇവരില്‍ താത്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിര്‍ത്തിയാല്‍ 4000 പേര് സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മിക്ക വിദ്യാലയത്തില്‍ നിന്നും ശരാശരി അഞ്ച് അധ്യാപകരെയെങ്കിലും എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് സെന്‍സസ് ഡ്യൂട്ടി നിര്‍വഹിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിർദേശം.
എന്നാൽ അത്തരത്തിൽ സെൻസ് ജോലി ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാവില്ലെന്ന് പറഞ്ഞ് പലരും അവധിയെടുത്താണ് സെൻസസ് ജോലി ചെയ്യുന്നത്. ഓണപ്പരീക്ഷയ്ക്ക് കൂടുതല്‍ സമയമില്ലെന്നിരിക്കെ പാഠഭാഗങ്ങൾ തീർക്കാനാവാത്ത അവസ്ഥയാണ് അക്കാദമിക് രംഗം നേരിടുന്നത്. അധ്യാപക ക്ഷാമം കാരണം എൽപി, യുപി വിഭാഗങ്ങളിൽ ഒരധ്യാപകൻ തന്നെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ്. ഒരു ദിവസം തന്നെ ആറ് പിരിയഡുകൾ വരെ ഇത്തരത്തിൽ പഠിപ്പിക്കേണ്ടി വരുന്നതായി അധ്യാപകർ പറയുന്നു.